മകനിറങ്ങിപ്പോയ വഴിയിലേക്ക് നോക്കി ആ വൃദ്ധന്‍ നെടുവീര്‍പ്പെട്ടു.
എത്ര സ്നേഹമായിരുന്നു തനിക്കവനോട്. എപ്പൊഴും എന്റെ നിഴലായ് അവനുണ്ടായിരുന്നു. അവനെക്കാണാതെ ഒരു നിമിഷമിരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല.ഒരു കുറവും അവനു വരുത്തിയിട്ടില്ല. അവന്റെ ചെറുപ്പത്തില്‍ അമ്മ മരിച്ചതില്‍പ്പിന്നെ അമ്മയുടെ സ്നേഹവുംകൂടി നല്‍കിയാണു വളര്‍ത്തിയത്. എന്നിട്ടും.... അവനെന്തിനെന്നോടിങ്ങനെ ചെയ്തു. അവനെന്റെ ഹൃദയവേദന എന്തേ അറിയാതെ പോയി...
അടര്‍ന്നു വീണ ഒരു തുള്ളി കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി നര കയറിയ താടി രോമങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷമായി.
അകത്തു നിന്നും ഒരു ശബ്ദം ചിന്തകളെ ഭേദിച്ചു.
മൂത്ത മകനാണ്; അവന് എന്നോടാണ് ദേഷ്യം. എന്റെ അമിത വാത്സല്യമാണ് അനുജനെ ഇത്തരത്തിലാക്കിയത്
എന്നാണവന്‍ പറയുന്നത്.അതിന്റെ പകുതി സ്നേഹം പോലും ഇവനോടു കാണിക്കുന്നില്ല എന്ന പരാതിയും കൂടെയുണ്ട്.
ഞാന്‍ ഇന്നു വരേയും തിരിച്ചുവ്യത്യാസം കാണിച്ചിട്ടില്ല.വഴി തെറ്റിയിറങ്ങിയ അവനെയോര്‍ത്ത് ഞാനെങ്ങനെ കരയാതിരിക്കും? ഒരു പിതാവിന്റെ വേദന ഇവനറിയില്ല.
“അറിഞ്ഞില്ലേ വിശേഷം..”
അവന്‍ മുന്‍പിലെത്തിയിരിക്കുന്നു.
“അപ്പന്റെ വാത്സല്യ പുത്രന്‍ കുടിച്ചു മദിച്ചിട്ട് ഇപ്പോള്‍ തെണ്ടി നടക്കുന്നെന്ന്... പന്നിയെ മേയ്ക്കലാണത്രേ പുതിയ പണി...ഹും;കുടുംബത്തിന് അവമാനം...”
അവന്‍ ചവിട്ടിക്കുതിച്ച് കടന്നുപോയി.
ആ വൃദ്ധന്റെ നെഞ്ചുരുകി.പന്നിയെ മേയ്ക്കാന്‍ തന്റെ മകന്‍ പോകുന്നുവെന്നോ...? എന്തിനാണവന്‍ ഇങ്ങിനെ ചെയ്യുന്നത്. അവന് അവന്റെ അപ്പനെ അറിയില്ലേ... ഒരു നിമിഷമെങ്കിലും എന്റെ സ്നേഹത്തെക്കുറിച്ചോര്‍ത്തുകൂടേ.ഞാനെങ്ങനെ കൊണ്ടുനടന്ന കുഞ്ഞാഇപ്പോള്‍...? ഭൃത്യന്മാരും പരിചാരകരും എപ്പോഴുമുണ്ടായിരുന്നതല്ലേ അവന്. പട്ടുനെത്തയില്‍ കിടന്നുറങ്ങിയ അവനിപ്പോള്‍ പന്നികള്‍ക്കൊപ്പം...! ഒ ചിന്തിക്കാനേ വയ്യാ.. അവനെ ഇങ്ങോട്ട് വിളിച്ചാലോ അവന്‍ വരുമോ..
ആരുടേയോ കാലൊച്ച കേള്‍ക്കുന്നു.അതെന്റെ മകനായിരുന്നെങ്കില്‍...
ഒരു ഭൃത്യനാണ് വന്നത്.
“പ്രഭോ ഒരു പരദേശിയായ മനുഷ്യന്‍ അങ്ങയെ കാണാന്‍ വന്നിരിക്കുന്നു.”
“അതിന് പ്രത്യേക അനുവാദത്തിന്റെ ആവശ്യമുണ്ടോ?”
“അല്ല പ്രഭോ; അയാള്‍ ധരിച്ചിരിക്കുന്ന വസ്ത്രം മുഴുവന്‍ അഴുക്കു പുരണ്ടിരിക്കുന്നു.താടിയും മുടിയും നീണ്ട് ഒരു ഭ്രാന്തനെപ്പോലെ... അടുത്തു ചെന്നാല്‍ ഒരു വല്ലാത്ത ദുര്‍ഗന്ധവും..എങ്കിലും സൂക്ഷിച്ചു നോക്കിയാല്‍....”
“സൂക്ഷിച്ചു നോക്കിയാല്‍..? പറയടോ;താനെന്താണു മറയ്ക്കാന്‍ ശ്രമിക്കുന്നത്?”
“അത്... അത് അങ്ങയുടെ ഇളയ മകന്റെ ഒരു ഛായ..”
“ഇളയവനോ ! അത് അവനാകുമോ..! ജോസിയാ..പറയൂ അതവന്‍ തന്നെയല്ലേ..?”
“അല്ല പ്രഭോ..അതു പോലെ തോന്നുന്നു....’
“നീ ഒന്നും പറയേണ്ട അതവനാകും”
അയാള്‍ മട്ടുപ്പവില്‍ നിന്നും താഴേയ്ക്കു നോക്കി.
“അതവന്‍ തന്നെ എന്റെ മകന്‍..ഞാന്‍ അവ്ന്റെ അടുത്തേയ്ക്ക് ചെല്ലട്ടെ.അവനുള്ള പട്ടുവസ്ത്രങ്ങളും മോതിരങ്ങളും എടുത്തുവെയ്ക്കാന്‍ പറയൂ.ഒരു കൊഴുത്ത കാളക്കുട്ടിയെ കൊന്ന് വിരുന്നൊരുക്കൂ.എന്റെ മകന്‍ വന്നു...”
പറയുന്നതിനിടയില്‍ അയാള്‍ പടിയിറങ്ങി താഴേയ്ക്ക് ഓടി.
“പ്രഭോ പതുക്കെ...”
ജോസിയായുടെ ശബ്ദം അദ്ദേഹം കേള്‍ക്കുന്നില്ലായിരുന്നു.
മുറ്റം കടന്ന് പടിവാതില്ക്കലേയ്ക്ക് അദ്ദേഹം ഓടിയെത്തി.
തന്റെ പൊന്നോമന മകൻ തിരിച്ചെത്തിയിരിക്കുന്നു.ആ വൃദ്ധപിതാവ് അവനെ ഗാഢമായി പുണർന്നു. അവന്റെ ദേഹത്തെ ചെളിയോ, ദുർഗ്ഗന്ധമോ ആ സ്നേഹത്തിന്റെ മുൻപിൽ ഒന്നുമല്ലായിരുന്നു.
“എന്റെ കുഞ്ഞേ നീ തിരിച്ചുവന്നല്ലോ ഈ അപ്പനെ നീ ഓർത്തല്ലോ. എനിക്ക് നഷ്ട്പ്പെട്ടെന്ന് കരുതിയ നിന്നെ തിരികെ കിട്ടിയല്ലോ..”
അയാൾ അവന്റെ ഇരു കവിളിലും ചുംബിച്ചു.
ഭൃത്യർ അവനെ അകത്തേയ്ക്ക് കൊണ്ടുപോകുമ്പോൾ അവന്റെ കണ്ണിൽ നിന്നും പശ്ചാത്താപത്തിന്റെയും സന്തോഷത്തിന്റെയും അശ്രുകണങ്ങൾ അടർന്നു വീണു.തന്നെ ഇത്രയേറെ സ്നേഹിക്കുന്ന പിതൃസ്നേഹം ഇത്രനാൾ നഷ്ടപ്പെടുത്തിയതോർത്ത് അവന്റെ ഹൃദയം വിങ്ങി.
ആ വാത്സല്യ പിതാവാകട്ടെ സദ്യ ഒരുക്കുന്നിടത്തേയ്ക്ക് നടന്നു.